18: 5% പലിശ നിരക്കിൽ 2 കോടി രൂപ വരെ കെ.ഫ്.സി. വായ്പ
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യുടെ ഉയർന്ന വായ്പാപരിധി രണ്ടു കോടി രൂപയാക്കി ഉയർത്തി. ഇതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ ലഭ്യമാകും.
2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാർഥ്യമാകുന്നത്. സർക്കാരിൻറെ 3%-വും കെ.ഫ്.സി.യുടെ 2%-വും സബ്സിഡി വഴിയാണ് 5% പലിശ നിരക്കിൽ വായ്പ നൽകുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2122 യൂണിറ്റുകൾക്ക് വായ്പ നൽകിയിട്ടുണ്ട്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.
എംഎസ്എംഇ രജിസ്ട്രേഷനുള്ള ഉള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസ്സും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത. എന്നാൽ SC/ST സംരംഭകർ, വനിതാ സംരംഭകർ, പ്രവാസി മലയാളികൾ എന്നിവരുടെ പ്രായപരിധി 55 വയസ്സ് ആണ്. കൂടാതെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്.
പദ്ധതി തുകയുടെ 90% വരെയും വായ്പ ലഭ്യമാകുന്നു. കൂടാതെ 2 കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ, 2 കോടി രൂപ വരെ 5% പലിശ നിരക്കിലും ബാക്കി വായ്പാ തുക സാധാരണ പലിശ നിരക്കിലുമാണ് വായ്പ ലഭ്യമാകുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും. ബിസിനസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ MSME-കൾക്കുള്ള പ്രോസസിംഗ് ഫീസിൽ 50% ഇളവും നൽകുന്നു. കൂടാതെ അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഇടപാടുകാർക്ക് 0.25% അധിക പലിശ ഇളവും നല്കുന്നു.